ആരാധനാസാഹിത്യം, ദൈവശാസ്ത്രം, സുവിശേഷ–വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ ഈടുറ്റവയാണ്, അവിസ്മരണീയങ്ങളാണ്. പെരുമ്പാവൂര്‍ തുരുത്തി കുടുംബത്തിലെ ചോറ്റാകുളത്തുംകര അബ്രഹാം കത്തനാരുടെ പുത്രനായി 1884ല്‍ ജനിച്ച മത്തായി കൌമാരത്തില്ത്തന്നെ ശെമ്മാശനായി. പാമ്പാക്കുടയിലെ മല്പാന് പാഠശാലയില്‍നിന്നു വൈദികവിദ്യാഭ്യാസവും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളില്‍നിന്നു പ്രാഥമിക ഇംഗ്ലിഷ് വിദ്യാഭ്യാസവും നേടിയ മത്തായി ശെമ്മാശന്റെ ജീവിതത്തില്‍ വഴിത്തിരിവായതു സിറിയയില്‍ നിന്നെത്തിയ സ്ലീബാ ശെമ്മാശനുമായുള്ള ചങ്ങാത്തമാണ്. സ്ലീബാ ശെമ്മാശന്റെ ദ്വിഭാഷിയായി കേരളം മുഴുവന്‍ കൂടെ നടന്ന മത്തായിശെമ്മാശന്സുറിയാനി ഭാഷയില്‍ അഗാധമായപാണ്ഡിത്യം കൈവരിച്ചു. ഒടുവില്‍ സ്ലീബാശെമ്മാശന്‍ സ്വന്തം നാട്ടിലേക്കു മടങ്ങിയപ്പോള്‍ മത്തായി ശെമ്മാശനും കൂടെക്കൂടി. തുറബ്ദീനിലുള്ള മാര്‍ ഔഗേന്റെ ദയറായില്‍ താമസിക്കവേ സ്വന്തം പേരുപേക്ഷിച്ച് ‘ഔഗേന്‍ എന്ന നാമം അദ്ദേഹം സ്വീകരിച്ചു. 1908ല്‍ ജറുസലേമിലെ മാര്‍ മര്‍ക്കോസിന്റെ ദയറായില്‍വച്ചു റമ്പാന് സ്ഥാനമേറ്റു സന്യാസിയായ അദ്ദേഹം 1909ല്‍ കേരളത്തിലേക്കു മടങ്ങിയശേഷമാണു വൈദികപട്ടം സ്വീകരിച്ചത്. വിദേശവാസത്തിനിടയില്‍ സുറിയാനി ഭാഷയുടെ ഉറവിടത്തില്‍ നിന്നു ലഭിക്കാവുന്നത്രയും വിജ്ഞാനം അദ്ദേഹം സ്വായത്തമാക്കി. ആരാധനാ സംബന്ധിയായ അമൂല്യഗ്രന്ഥങ്ങള്‍ വായിക്കുക മാത്രമല്ല, അനവധി കൃതികള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനും ഔഗേന്‍ റമ്പാന് ശ്രദ്ധവച്ചു. വിശുദ്ധ കുര്‍ബാനയുടെ ഒടുവില്‍ വൈദികര്‍ ചൊല്ലുന്ന ‘ഹുത്തോമ്മോ പദ്യരൂപത്തില്‍ തയാറാക്കിയതും പള്ളി കൂദാശ, പട്ടംകൊട തുടങ്ങിയവയുടെ ശുശ്രൂഷാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയതുമെല്ലാം അദ്ദേഹമായിരുന്നു. ‘സുറിയാനി ഭാഷയില്‍, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഈ നാട്ടിലും സിറിയാ നാട്ടില്‍പോലും ഇത്ര തികഞ്ഞ പാണ്ഡിത്യമുള്ളവര്‍ വേറെ ഉണ്ടായിരുന്നോ എന്നു സംശയമാണ് എന്നു കോനാട്ട് ഏബ്രഹാംമല്‍പാന്‍ അനുസ്മരിച്ചിട്ടുള്ളതു ശ്രദ്ധേയമാണ്. പ്രവാസി മലയാളികള്‍ക്ക് ആരാധനാ സൌകര്യമൊരുക്കുന്ന കാര്യത്തില്‍ ഒരു മുന്‍നിര പ്രവര്‍ത്തകനായിരുന്നു ഔഗേന്‍ റമ്പാന്. ബാഹ്യകേരള ഭദ്രാസനം രൂപീകൃതമാകുന്നതിന് ഏറെനാള്‍ മുന്‍പ് മദ്രാസിലെ സുറിയാനി ക്രിസ്ത്യാ നികളുടെ പ്രയോജനാര്‍ഥം ആംഗ്ലിക്കന്‍ പള്ളിയില്‍ ആരാധന നടത്തുന്നതിന് അദ്ദേഹം നേതൃത്വം നല്കി. മദ്രാസില്‍നിന്നു മടങ്ങിയെത്തിയ ഔഗേന്‍ റമ്പാന് കൂത്താട്ടുകുളം വടകര പള്ളി കേന്ദ്രമാക്കി സുവിശേഷ–വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധഃകൃതോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും അദ്ദേഹം ഏറെ തല്പരനായിരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ മാതൃകയില്‍ അനേകം ദലിതരെ ക്രിസ്തുസഭയിലേക്ക് ആനയിച്ച അദ്ദേഹത്തെ സ്ലീബാദാസ സമൂഹത്തിന്റെ തലതൊട്ടപ്പനായും വിശേഷിപ്പിക്കാം. 1927ല്‍ ഔഗേന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തായായി ഉയര്‍ത്തപ്പെട്ട അദ്ദേഹം പിറവം സെമിനാരിയിലും മൂവാറ്റുപുഴ അരമനയിലുമൊക്കെ താമസിച്ചു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടു വന്നു. നമ്മുടെ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ഉള്‍പ്പെടെ അനേകം പ്രഗല്ഭര് പഠിച്ചിറങ്ങിയ കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍, കോടനാട്ട് മാര്‍ ഔഗേന്‍ ഹൈസ്കൂള്‍ എന്നിവ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളാണ്. കോലഞ്ചേരി ഹൈസ്കൂള്‍, പിറവം പള്ളിവക മിഡില്‍ സ്കൂള്‍, പാമ്പാക്കുട മാര്‍ തിമോത്തിയോസ് ഹൈസ്കൂള്‍ എന്നിവ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. തന്റെ മുന്‍ഗാമിയുടെ നിത്യസ്മാരകമായി സഭാകേന്ദ്രമായ കോട്ടയത്ത് 1964ല്‍ ആരംഭിച്ച ബസേലിയസ് കോളജിന്റെ സ്ഥാപനത്തിനും ഔഗേന്‍ ബാവായുടെ പിന്തുണയും പ്രോല്‍സാഹനവും ഉണ്ടായിരുന്നു. 1964ല്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍വച്ചു പൌരസ്ത്യ കാതോലിക്കായായി അദ്ദേഹത്തെ സ്ഥാനാരോഹണം ചെയ്തു. പതിറ്റാണ്ടുകളായി പോരടിച്ചു നിന്ന ഇരുവിഭാഗങ്ങളും രമ്യതപ്പെട്ടു നടത്തിയ കാതോലിക്കാ വാഴ്ചയില്‍ അന്നത്തെ പാത്രിയര്‍ക്കീസ് ബാവായും ഇരുവിഭാഗങ്ങളിലും പെട്ട അനവധി മെത്രാപ്പൊലീത്താമാരും പങ്കെടുത്തിരുന്നു. സ്വതവേ ശാന്തനും സാത്വികനുമായിരുന്നു അദ്ദേഹം. എങ്കിലും തന്റെ സഭയുടെ സ്വാതന്ത്ര്യത്തിനും വിശ്വാസസംരക്ഷണത്തിനും വേണ്ടി വീറോടെ പൊരുതാന്‍ പ്രായാധിക്യത്തിലും ഔഗേന്‍ ബാവാ സന്നദ്ധനായിരുന്നു. തന്റെ അന്ത്യനാളുകളില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ പൌരോഹിത്യവും ഭാരതസഭയുടെ ആത്മാഭിമാനവും ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പാറപോലെ ഉറച്ചുനിന്ന് അദ്ദേഹം ഗര്‍ജിച്ചതു മറക്കാറായിട്ടില്ല: ‘‘നമ്മുടെ സ്ഥാനമോ ജീവന്‍തന്നെയുമോ പോയാലും വിശുദ്ധ തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്റെ മഹിമയ്ക്കു കുറവുവരുന്ന യാതൊന്നും നാം ചെയ്യുന്നതല്ല. സഭാ നയതന്ത്രബന്ധങ്ങളിലും ശ്രദ്ധേയങ്ങളായ കാല്‍വയ്പുകള്‍ നടത്താന്‍ ഔഗേന്‍ ബാവായ്ക്കു സാധിച്ചു. 1964 ഡിസംബറില്‍ ബോംബെയില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ സംബന്ധിക്കാനെത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ആഗോള സഭാചരിത്രത്തിലെ ഒരു അവിസ്മരണീയ സന്ദര്‍ഭമായിരുന്നു. 1965 ജനുവരിയില്‍ ആഡിസ് അബാബയില്‍ ചേര്‍ന്ന പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭാ തലവ•ാരുടെ സുന്നഹദോസില്‍ പങ്കെടുത്തതും മാര്‍ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് മൂസ്സലില്‍നിന്ന് ഏറ്റുവാങ്ങിദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ സുവര്‍ണനേട്ടങ്ങള്‍തന്നെ. ജീവിത സായാഹ്നത്തില്‍ തന്റെ ഉന്നതസ്ഥാനങ്ങള്‍ പിന്‍ഗാമിക്കു കൈമാറി നല്ലൊരു മാതൃക സൃഷ്ടിച്ചാണ് 1975 ഡിസംബര്‍ എട്ടിന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
Wednesday, 6 December 2017
ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍
ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 42-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ആചരിക്കും. 7-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊല്ലാട് സെന്റ് പോള്‍സ് പളളിയില്‍ നിന്നുളള പദയാത്രയ്ക്ക് സ്വീകരണവും, സന്ധ്യാനമസ്ക്കാരവും നടക്കും. എ.കെ. ജോസഫ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും പ്രദക്ഷിണവും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന് അറിയിക്കുന്നു.
Subscribe to:
Posts (Atom)

